തീരദേശ പരിപാലന നിയമം
തീരദേശ പരിപാലന നിയമം (CRZ)
പരിസ്ഥിതി സംരക്ഷണവും നിയന്ത്രിത വികസനവും ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
മുഖവുര
തീരദേശ പ്രദേശങ്ങളിലെ പരിസ്ഥിതി, ജൈവ വൈവിധ്യം, പ്രകൃതിവിഭവങ്ങൾ എന്നിവ സംരക്ഷിക്കുകയും നിയന്ത്രിത വികസനം ഉറപ്പാക്കുകയും ചെയ്യുന്നതിനായുള്ള നിയമങ്ങളും പ്രവർത്തനങ്ങളുമാണ് തീരദേശ പരിപാലനം. തീരദേശ മേഖലകളിൽ അനിയന്ത്രിത നിർമ്മാണം, മലിനീകരണം, പ്രകൃതിനാശം എന്നിവ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ Coastal Regulation Zone (CRZ) നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
2019 തീരദേശ പരിപാലന പ്ലാൻ - കേരളത്തിലെ സ്ഥിതി വിവരങ്ങൾ
2019 തീരദേശ പരിപാലന പ്ലാൻ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് പ്രധാനമായും CRZ II, CRZ III മേഖലകളിലാണ്.
CRZ മേഖലകളുടെ തരംതിരിവും വിശദാംശങ്ങളും
CRZ I A (Ecologically Sensitive Areas)
പാരിസ്ഥിതികലോല പ്രദേശങ്ങളും ഭൂരേഖവിജ്ഞാനിയ ഘടകങ്ങളാൽ തീരദേശ മേഖലയുടെ സംയോജികതയെ നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നതുമായ പ്രദേശങ്ങൾ.
- പുതിയ വാസഗൃഹങ്ങൾക്ക് നിർമ്മാണ അനുമതി അനുവദിക്കുന്നതല്ല.
- 2019 നിയമത്തിലെ Clause 5, 5.1, 5.1.1 (i, ii, iii) ൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് മാത്രം അനുമതി.
CRZ I B (Intertidal Zone)
വേലിയേറ്റ വേലിയിറക്ക രേഖകൾക്ക് മദ്ധ്യേ വരുന്ന ഭാഗം (അന്തർ വേലിയേറ്റ മേഖല).
- പുതിയ വാസഗൃഹങ്ങൾക്ക് നിർമ്മാണ അനുമതി ലഭിക്കുന്നതല്ല.
- 2019 നോട്ടിഫിക്കേഷനിലെ Clause 5, 5.1.2 ൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് മാത്രം അനുമതി.
CRZ II
കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെയും, ഇതര ജലാശയങ്ങളിൽ വേലിയേറ്റ രേഖ മുതൽ കരയുടെ ദിശയിലേക്ക് 50m വരെയുമുള്ള പ്രദേശങ്ങൾ (അല്ലെങ്കിൽ ജലാശയത്തിന്റെ വീതിക്ക് തത്തുല്യം/50m ഏതാണോ കുറവ് അത്രയും ദൂരം).
• വേലിയേറ്റ ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ 50 മീറ്റർ മാറി നിർമ്മാണ പ്രവർത്തനങ്ങൾക്ക് CRZ അനുമതി ആവശ്യമില്ല. എന്നാൽ പ്രസ്തുത ജലാശയം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്ററിനുള്ളിൽ ആണെങ്കിൽ CRZ അനുമതി ആവശ്യമാണ്.
• 18.01.2019 തീയതിയ്ക്ക് മുമ്പുള്ള അംഗീകൃത റോഡുകളുടെയോ കെട്ടിടങ്ങളുടെയോ കരയിലേക്കുള്ള ഭാഗത്തു മാത്രം വാസഗൃഹ നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കുന്നതാണ്.
• അംഗീകൃത നിർമ്മിതികൾ നിയമാനുസൃതമായി നിർമ്മിച്ചതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
CRZ III (തരംതിരിവുകൾ)
CRZ III വിഭാഗത്തെ CRZ III A, CRZ III B എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
CRZ III A
- കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെയും ജലാശയങ്ങളിൽ 50m വരെയുമുള്ള പ്രദേശം.
- വികസന നിഷിദ്ധ മേഖല (NDZ): കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ വരെ. ഇവിടെ പുതിയ നിർമ്മാണങ്ങൾ പാടില്ല (നിലവിലുള്ളവയുടെ പ്ലിന്ത് ഏരിയയിൽ അറ്റകുറ്റപ്പണി/പുനർനിർമ്മാണം സാധ്യം).
- അനുവദനീയ നിർമ്മാണം: 50 മീറ്ററിന് അപ്പുറം (500m വരെ) വാസഗൃഹങ്ങൾക്ക് Ground + First Floor (ഉയരം maximum 9m) അനുമതി ലഭിക്കും.
CRZ III B
- കടലിൽ നിന്ന് 500m വരെയുമുള്ള പ്രദേശങ്ങൾ. വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളിൽ കരയിലേക്ക് 200m വരെ പരിധി ബാധകമാണ്.
- വികസന നിഷിദ്ധ മേഖല (NDZ): കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ വരെ.
- ഇളവുകൾ: പരമ്പരാഗത തീരദേശ സമൂഹത്തിന് ദുരന്ത നിവാരണ/ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് NDZ മേഖലയിലും വാസഗൃഹ അനുമതി നൽകാവുന്നതാണ്.
- അനുവദനീയ നിർമ്മാണം: 200 മീറ്ററിന് അപ്പുറം (500m വരെ) Ground + First Floor (ഉയരം maximum 9m) നിർമ്മാണാനുമതി ലഭിക്കും.
- ദ്വീപുകൾ: Integrated Island Management Plan (IIMP) അനുമതി ലഭിക്കുന്നത് വരെ ദ്വീപുകളുടെ ദൂരപരിധി 50 മീറ്ററായി തുടരും.
CRZ IV
കടൽ മേഖലയും ഉൾനാടൻ ജലാശയങ്ങളും ഉൾപ്പെടുന്ന ഭാഗം.
2019 സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം:
CRZ II, CRZ III A, CRZ III B എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 300m² വരെയുള്ള വാസഗൃഹ നിർമ്മാണ അപേക്ഷകളിൽ മാത്രം നിബന്ധനകൾക്ക് വിധേയമായി പഞ്ചായത്തിന്/നഗരസഭയ്ക്ക് നേരിട്ട് അനുമതി നൽകാം.
തീരദേശ പരിപാലന അതോറിറ്റിക്ക് സമർപ്പിക്കേണ്ടവ:
- 300m² ന് മുകളിലുള്ള വാസഗൃഹങ്ങൾ.
- വാസഗൃഹ നിർമ്മാണങ്ങൾ ഒഴികെയുള്ള മറ്റെല്ലാ അപേക്ഷകളും.
- പരമ്പരാഗത തീരദേശ വാസികളുടെ വാസഗൃഹ ക്രമവൽക്കരണ അപേക്ഷകൾ.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രധാന രേഖകൾ:
തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരിയുടെ ശുപാർശ, Budget Estimate, സ്ക്രൂട്ടിനി ഫീസ്, സെക്രട്ടറി/അസിസ്റ്റന്റ് എഞ്ചിനീയർ ഒപ്പുവെച്ച Building Plan/Site Plan (HTL-ൽ നിന്നുള്ള അകലം, Geo Coordinates ഉൾപ്പെടെ).
പ്രധാന അറിയിപ്പ്
മേൽ സൂചിപ്പിച്ചിട്ടുള്ള നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായി മാത്രമേ സി.ആർ.ഇസഡ് മേഖലകളിലെ നിർമ്മാണങ്ങൾക്ക് അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് അധികാരമുള്ളൂ. നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമായി സി.ആർ.ഇസഡ് അനുമതി നൽകുന്ന പക്ഷം ആയത് റദ്ദ് ചെയ്യുന്നതിനുള്ള അധികാരം കേരള തീരദേശ പരിപാലന അതോറിറ്റിക്ക് (KCZMA) ഉണ്ടായിരിക്കുന്നതാണ്.