ഭരണ ചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്‍. സുബ്രഹ്മണ്യന് തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. കഴിഞ്ഞ നൂറ്റാണ്ടില്‍ നിലനിന്ന മണമ്പൂര്‍ അധികാരം മുതല്‍ ഇന്നത്തെ മണമ്പൂര്‍ വില്ലേജ് വരെയുളള ഭരണ ഘടകങ്ങളുടെ ആസ്ഥാനം ഇന്നത്തെ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെയാണ്. കരമായി പിരിച്ചിരുന്ന നെല്ല് സൂക്ഷിക്കുവാനുളള വലിയ അറകളും മുന്‍പ് ഈ കെട്ടിടത്തോടനുബന്ധിച്ചുണ്ടായിരുന്നു. ഒറ്റൂര്‍, മണമ്പൂര്‍ പകുതികള്‍ ചേര്‍ന്ന മണമ്പൂര്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കെ.ആര്.ഗോപാലകൃഷ്ണ കുറുപ്പായിരുന്നു. 77-ല്‍ മണമ്പൂര്‍ വില്ലേജ് മണമ്പൂര്‍ പഞ്ചായത്തായപ്പോള് മണമ്പൂര്‍ പഞ്ചായത്തിന്റെ നോമിനേറ്റഡ് പ്രസിഡന്റ് ശ്രീ. ഹബീബ് മുഹമ്മദായിരുന്നു.