ബജറ്റ് റിപ്പോര്‍ട്ട് 2026-2027
മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പുതിയ ഭരണസമിതിയുടെ ആദ്യത്തെ ബജറ്റാണ്. ഈ ബജറ്റിൽ ഒട്ടാകെ 46,98,51,301 രൂപയുടെ വരവും (മുൻബാക്കി 4,11,46,301 രൂപ ഉൾപ്പെടെ) 45,02,02,000 രൂപയുടെ ചെലവും, 1,96,49,301 രൂപയുടെ ബാക്കി നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു. തദ്ദേശീയ വരുമാനത്തിന് പുറമേ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്, പട്ടികജാതി വികസന ഫണ്ട്, ലൈഫ് ഭവന പദ്ധതി വിഹിതവും വായ്പയും (ഏകദേശം ₹3.02 കോടി), പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിനുള്ള എം.എൽ.എ ഫണ്ട് (₹1.5 കോടി), തൊഴിലുറപ്പ് ഫണ്ട് (₹12.85 കോടി) തുടങ്ങിയ സ്രോതസ്സുകൾ ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി-മൃഗസംരക്ഷണം അടങ്ങുന്ന ഉൽപാദന മേഖല, മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പശ്ചാത്തല സൗകര്യങ്ങൾ (റോഡ്/റോഡിതര മെയിന്റനൻസ്) എന്നിവയ്ക്കൊപ്പം വനിതാ ശിശുവികസനം, വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം (പഠനമുറി, ലാപ്ടോപ്പ്, സ്കോളർഷിപ്പ്) തുടങ്ങിയ സർവ്വതല സ്പർശിയായ ക്ഷേമ പദ്ധതികൾക്കും ജൻഡർ ബജറ്റിനും വ്യക്തമായ തുക ഇതിൽ വകയിരുത്തിയിട്ടുണ്ട്.